ആലപ്പുഴ: ദേശീയപാത നിർമ്മാണത്തിലെ അപാകതകളും വെള്ളക്കെട്ടും അടിയന്തരമായി പരിഹരിച്ച് ജനങ്ങൾക്ക് സുരക്ഷിതയാത്ര ഉറപ്പാക്കണമെന്ന് ജില്ലാ വികസന സമിതി യോഗം നിർദ്ദേശിച്ചു.എംഎൽഎമാരായ അഡ്വ. ഷാനിമോൾ ഉസ്മാൻ, പി.പ്രസാദ്, എ.ഡി. തോമസ് എന്നിവരുടെ സാന്നിധ്യത്തിൽ ജില്ലാ ആസൂത്രണ സമിതി കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിലാണ് നിർദ്ദേശം.റെജി ചെറിയാൻ എംഎൽഎ ഓൺലൈനായും യോഗത്തിൽ പങ്കെടുത്തു.
ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന ദേശീയപാതയിലെ പ്രശ്നബാധിത പ്രദേശങ്ങൾ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ നേരിട്ട് സന്ദർശിച്ച് ഉടൻ നടപടിയെടുക്കണമെന്ന് ഇവർ ആവശ്യപ്പെട്ടു. പെരുമ്പളം, അരൂക്കുറ്റി ആശുപത്രികളിൽ രാത്രികാലങ്ങളിൽ ഡോക്ടർമാർ ഇല്ലാത്ത സാഹചര്യം പരിശോധിക്കണമെന്നും സ്കൂൾ തുറക്കുന്ന പശ്ചാത്തലത്തിൽ നിയോജകമണ്ഡല തലങ്ങളിൽ ഓപ്പറേഷൻ തൂഫാൻ ശക്തമാക്കണമെന്നും ആവശ്യപ്പെട്ടു.
മഴക്കാലപൂർവ്വ ശുചീകരണം, തോടുകളുടെ നവീകരണം, വെള്ളക്കെട്ടും പകർച്ചവ്യാധികളും മൂലമുള്ള പ്രശ്നങ്ങൾ എന്നിവ പരിഹരിക്കാനും, സ്കൂളുകളുടെയും അങ്കണവാടികളുടെയും ഫിറ്റ്നസ് കൃത്യമായി പരിശോധിക്കാനും വെള്ളപ്പൊക്ക ദുരിതാശ്വാസ ക്യാമ്പുകളിൽ മുൻകൂട്ടി അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കാനും എംഎൽഎമാർനിർദ്ദേശിച്ചു.
തുറവൂർ, കുത്തിയതോട് മേഖലകളിൽ എട്ടു മാസമായി തുടരുന്ന കുടിവെള്ളക്ഷാമത്തിനും കൂടാതെ വൈദ്യുതി തടസത്തിനും എത്രയും വേഗം പരിഹാരം കാണണമെന്നും, അപകടാവസ്ഥയിലുള്ള പൂച്ചാക്കൽ രജിസ്ട്രേഷൻ ഓഫീസിന്റെ പ്രശ്നം പരിഹരിക്കണമെന്നും, സൊസൈറ്റികളിൽ നിന്നും ഉള്ള പെൻഷൻ വിതരണം വൈകുന്നതിനെക്കുറിച്ച് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടു.
ദേശീയപാതയിലെ അണ്ടർപാസുകളിൽ രൂപ്പെട്ടിട്ടുള്ള വെള്ളക്കെട്ട് അടിയന്തരമായി പരിഹരിക്കാൻ എ.ഡി. തോമസ് എംഎൽഎയും കർശന നിർദ്ദേശം നൽകി. രണ്ടാം കൃഷി ഇറക്കാത്ത കുട്ടനാട്ടിലെ പാടശേഖരങ്ങളിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനായി അടിയന്തര നടപടി സ്വീകരിക്കണമെന്ന് ഓൺലൈനായി യോഗത്തിൽ പങ്കെടുത്തുകൊണ്ട് റെജി ചെറിയാൻ എംഎൽഎ ആവശ്യപ്പെട്ടു.
കുട്ടനാട്ടിലെ കർഷകർക്ക് നെല്ലിന്റെ വില ലഭ്യമാക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും വീയപുരം ലീഡിം് ചാനലിന്റെ ആഴം വർദ്ധിപ്പിക്കണമെന്നും തോട്ടപ്പള്ളി പൊഴിയുടെ വീതി കൂട്ടണമെന്നും കൊടിക്കുന്നിൽ സുരേഷ് എംപിയുടെ പ്രതിനിധി കെ. ഗോപകുമാർ ആവശ്യപ്പെട്ടു. ജില്ലാ കളക്ടർ ഷാജി വി. നായർ അധ്യക്ഷത വഹിച്ച യോഗത്തിൽ എഡിഎം ബി. ജ്യോതി, ജില്ലാ പ്ലാനിംഗ് ഓഫീസർ കലാമുദ്ദൻ, വിവിധ വകുപ്പ് മേധാവികൾ തുടങ്ങിയവർ പങ്കെടുത്തു.